ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തു നടന്ന പ്രത്യേക തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയെ ഞെട്ടിച്ച് ഡെമോക്രാറ്റുകൾക്ക് അട്ടിമറി വിജയം.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടയായിരുന്ന ഡാളസിനടുത്ത ടാറന്റ് കൗണ്ടിയിലെ സ്റ്റേറ്റ് സെനറ്റ് സീറ്റിലാണ് ഡെമോക്രാറ്റ് സ്ഥാനാർഥി ടെയ്ലർ റെഹ്മെറ്റ് വിജയിച്ചത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് പിന്തുണച്ച ലെയ്ഗ് വാംബ്സ്ഗാൻസിനെയാണ് റെഹ്മെറ്റ് പരാജയപ്പെടുത്തിയത്.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് 17 പോയിന്റുകൾക്ക് വിജയിച്ച മണ്ഡലത്തിലാണ് ഈ അപ്രതീക്ഷിത മാറ്റം സംഭവിച്ചിരിക്കുന്നത്. ഈ വിജയം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള ഒരു മുന്നറിയിപ്പാണെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ലഭിച്ച ഫലം ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ ആവേശം നൽകിയിരിക്കുകയാണ്.
ഇതോടൊപ്പം ടെക്സസിലെ 18-ാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നടന്ന തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് സ്ഥാനാർഥി ക്രിസ്റ്റ്യൻ മെനഫി മികച്ച വിജയം നേടി. ഇതോടെ യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം വീണ്ടും കുറഞ്ഞു. നിലവിൽ 218 സീറ്റുകൾ മാത്രമാണ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്.